Previous FrameNext Frame
  • August 15
  • five-persons
  • fd

26.10.2016

കേരളീയരുടെ റേഷൻഅരി വെട്ടിക്കുറയ്ക്കാനുള്ള കേന്ദ്ര സക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് ഒക്‌ടോബർ 28ന് സംസ്ഥാനവ്യാപകമായി കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക് മാർച്ച് നടത്തുമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് മുൻഗണനാ ലിസ്റ്റ് തയ്യാറാക്കിയതിൽ പാകപ്പിഴകൾ ഉണ്ട്. വളരെ ദരിദ്ര വിഭാഗത്തിൽപ്പെട്ട ആളുകൾപോലും എ.പി.എൽ വിഭാഗത്തിലാണ് ഉൾപ്പെട്ടിട്ടുള്ളത്. ഈയൊരു സാഹചര്യത്തിലാണ് കേരളസർക്കാർ മുൻഗണനാപട്ടിക തയ്യാറാക്കാനും പിഴവുകൾ തിരുത്താനും കേന്ദ്രത്തോട് കൂടുതൽ സമയം ആവശ്യപ്പെട്ടത്. എന്നാൽ കേന്ദ്രസർക്കാർ നിഷേധാത്മക സമീപനമാണ് സ്വീകരിച്ചത്. കേന്ദ്രസർക്കാരിന്റെ ഈ നിലപാട് കേരളത്തിലെ പൊതുവിതരണ സമ്പ്രദായം തകർക്കുന്നതിനു വഴിയൊരുക്കും. അതിനാൽ അർഹതപ്പെട്ടവരെ മുൻഗണനാ ലിസ്റ്റിൽ ഉൾപ്പെടുത്താൻ കേരളത്തിന് അവസരം നൽകാൻ കേന്ദ്രസർക്കാർ തയ്യാറാകണം. ഹെൽപ്പ് ഡെസ്‌ക്കുകൾ സ്ഥാപിച്ച് ലിസ്റ്റിലെ പാകപ്പിഴകൾ പരിഹരിക്കാൻവരുന്ന മുഴുവൻപേർക്കും ആവശ്യമായ സഹായസഹകരണങ്ങൾ നൽകാൻ ഡി.വൈ.എഫ്.ഐ പ്രവർത്തകർ രംഗത്തിറങ്ങണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആഹ്വാനം ചെയ്തു.

13.10.2016

സംസ്ഥാനത്ത് ആർ.എസ്.എസ് ക്രിമിനിൽ സംഘം നടത്തുന്ന അക്രമം അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഇന്ന് ഹർത്താലിന്റെ മറവിൽ ആസൂത്രിതമായി വ്യാപക അക്രമങ്ങളാണ് ആർ.എസ്.എസ് ക്രിമിനൽസംഘം അഴിച്ചുവിടുന്നത്. തിരുവനന്തപുരത്ത് രോഗിയുമായി ആശുപത്രിയിലേക്ക് പോയ ഡി.വൈ.എഫ്.ഐ യുടെ ആംബുലൻസ് അടിച്ചുതകർത്തു. ഡി.വൈ.എഫ്.ഐ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്തെമ്പാടും ആംബുലൻസുകൾ സർവീസ് നടത്തുന്നുണ്ട്. ഇത്തരത്തിൽ ആംബുലൻസ് ആക്രമിക്കുന്നത് ആദ്യ സംഭവമാണ്. തിരുവനന്തപുരത്തും പാലക്കാടും ഡി.വൈ. എഫ്.ഐ പ്രവർത്തകരെ വെട്ടികൊലപ്പെടുത്താൻ ശ്രമമുണ്ടായി. തിരുവനന്തപുരം ശ്രീവരാഹത്ത് ബി.ജെ.പി കൗൺസിലർമാരുടെയും ആർ.എസ്.എസ് ഗുണ്ടകളുടെയും നേതൃത്വത്തിൽ നടത്തിയ അക്രമത്തിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകരായ അരുൺ എസ്.പി, പ്രവീൺ, പ്രദീപ്, കാർത്തിക എന്നിവർക്ക് പരുക്കുപറ്റി. തലക്ക് ഗുരുതരമായ പരിക്കേറ്റ അരുണിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ബി.ജെ.പിയുടെ നഗരസഭ വാർഡ് കൗൺസിലർ സിമി ജ്യോതിഷിന്റെ നേതൃത്വത്തിൽ ഡി.വൈ.എഫ്.ഐ യൂണിറ്റ് കമ്മിറ്റി അംഗം പ്രദീപും ഭാര്യ കാർത്തികയും സഞ്ചരിച്ച ബൈക്കിനെ തടയുകയും ഇവരെ അക്രമിക്കുകയും ചെയ്തു. പാലക്കാട് ഒറ്റപ്പാലത്ത് ആർ.എസ്.എസ് ക്രിമിനിൽ സംഘം നടത്തിയ അക്രമത്തിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകരായ ശിവരാജൻ, കിരൺ എന്നിവർക്ക് പരിക്കുപറ്റി. മാധ്യമ പ്രവർത്തകർക്കും പരിക്ക് പറ്റിയിട്ടുണ്ട്. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ ഡി.വൈ.എഫ്.ഐ കൊടികളും ബോർഡുകളും പാർട്ടി ഓഫീസുകളും വാഹനങ്ങളും ആക്രമിച്ചു. കേന്ദ്ര ഭരണത്തിന്റെ ഹുങ്കിൽ സംസ്ഥാനത്ത് അക്രമം വ്യാപിപ്പിക്കാനുള്ള ആർ.എസ്.എസിന്റെ നീക്കം അവസാനിപ്പിക്കണം. അക്രമം അവസാനിപ്പിച്ചില്ലെങ്കിൽ കനത്ത വില നൽകേണ്ടി വരും. ആർ.എസ്.എസ് ക്രിമിനൽസംഘം നടത്തുന്ന അക്രമങ്ങളെ പ്രതിരോധിക്കാൻ യുവാക്കൾ രംഗത്തിറങ്ങണം. ആർ.എസ്.എസ് അക്രമത്തിനെതിരെ നാളെ സംസ്ഥാനത്തെ എല്ലാ മേഖലാ കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനം നടത്താൻ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആഹ്വാനം ചെയ്തു.

07.10.2016

സംസ്ഥാനത്ത് ഐ.എസ് ഉൾപ്പെടെയുള്ള ഭീകരസംഘടനകളുമായി ബന്ധമുള്ളവരെ പിടികൂടിയ സംഭവം അങ്ങേയറ്റം ആശങ്കാജനകമാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. ഐ.എസ് ബന്ധമുണ്ടെന്ന് സംശയിക്കുന്ന 6 പേരെയാണ് ദേശീയ അന്വേഷണ ഏജൻസി കണ്ണൂരിൽവെച്ച് അറസ്റ്റ് ചെയ്തത്. സംഘപരിവാർ നേതൃത്വം കൊടുക്കുന്ന കേന്ദ്രഗവൺമെന്റിന്റെ തണലിൽ രാജ്യത്തെമ്പാടും ആർ.എസ്.എസിന്റെ വർഗ്ഗീയാതിക്രമണങ്ങൾ വർദ്ധിച്ചിരിക്കുകയാണ്. ദളിതരെയും ന്യൂനപക്ഷങ്ങളെയും രാജ്യമെമ്പാടും അക്രമിക്കുകയും കൊലപ്പെടുത്തുകയുമാണ്. ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നവരെ സംരക്ഷിക്കുകയും അവർക്ക് വീരപരിവേഷം നൽകുകയുമാണ് സംഘപരിവാറും കേന്ദ്രസർക്കാരും. ദാദ്രിയിൽ മാട്ടിറച്ചിയുടെ പേരിൽ അഖ്‌ലഖാനെ കൊലപ്പെടുത്തിയ സംഭവം രാജ്യത്തിന് വലിയ നാണക്കേടുണ്ടാക്കിയതാണ്. എന്നാൽ ഈ കേസിലെ പ്രതി മരണമടഞ്ഞപ്പോൾ ദേശീയ പതാക പുതയ്ക്കുന്ന സ്ഥിതിവരെയുണ്ടായി. ഇയാളുടെ കുടുംബത്തിന് ഒരു കോടിരൂപ നഷ്ടപരിഹാരം വേണമെന്നാണ് സംഘപരിവാർ സംഘടനകൾ ആവശ്യപ്പെടുന്നത്. സംഘപരിവാർ ശക്തികളുടെ ഇത്തരം ചെയ്തികൾ മൂലം രാജ്യത്ത് എല്ലാതരം ഭീകരതയ്ക്കും തഴച്ചുവളരാനുള്ള സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണ്. ഇതൊരു അവസരമായി എടുത്തുകൊണ്ട് ഐ.എസ് ഉൾപ്പെടെയുള്ള ഭീകരസംഘടനകൾ ഇന്ത്യയിൽ പ്രവർത്തനമാരംഭിച്ചതിന്റെ സൂചനയാണ് കനകമലയിലുണ്ടായ അറസ്റ്റ്. എല്ലാതരം ഭീകരതയോടും വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചുകൊണ്ടുമാത്രമെ ഭീകരവിരുദ്ധ നടപടികളുമായി മുന്നോട്ടുപോകാൻ സാധിക്കുകയുള്ളൂ. ഭീകരസംഘടനകളുടെ പ്രവർത്തനങ്ങളെ ചെറുക്കാൻ അന്വേഷണ ഏജൻസികളും, കേന്ദ്ര, സംസ്ഥാന സർക്കാരുകളും ജാഗ്രതയോടുകൂടി പ്രവർത്തിക്കണം. ഭീകരവാദത്തിനും വർഗ്ഗീയതയ്ക്കുമെതിരെ ഒക്‌ടോബർ 14ന് ബ്ലോക്ക് കേന്ദ്രങ്ങളിൽ യുവജനകൂട്ടായ്മ സംഘടിപ്പിക്കുമെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ അറിയിച്ചു.

03.10.2016
ഒക്‌ടോബർ 5 മുതൽ മുത്തൂറ്റ് ഫിനാൻസിലെ ജീവനക്കാർ നടത്തുന്ന അനിശ്ചിതകാല സമരത്തിന് എല്ലാവിധ പിന്തുണയും നൽകുമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കുക, അന്യായമായ സസ്‌പെൻഷനും സ്ഥലമാറ്റവും പിൻവലിക്കുക, പ്രതികാര നടപടികൾ അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തിയാണ് ജീവനക്കാർ പ്രക്ഷോഭത്തിനിറങ്ങുന്നത്. മുത്തൂറ്റിൽ തൊഴിലാളി സംഘടന രൂപീകരിക്കുകയും അതിൽ അംഗത്വമെടുക്കുകയും ചെയ്യുന്ന ജീവനക്കാരെ പീഢിപ്പിക്കുന്ന മാനേജ്‌മെന്റിന്റെ ഏകപക്ഷീയമായ നിലപാടിനെതിരെ കഴിഞ്ഞ മാസം ജീവനക്കാർ 72 മണിക്കൂർ സമരം സംഘടിപ്പിച്ചിരുന്നു. എന്നാൽ മാനേജ്‌മെന്റ് തൊഴിലാളികളോട് ധിക്കാരപരമായ നിലപാടാണ് സ്വീകരിക്കുന്നത്. മുത്തൂറ്റ് ജീവനക്കാരിൽ ഭൂരിഭാഗംപേരും ചെറുപ്പക്കാരാണ്. ജീവനക്കാരെ അന്യായമായി പിരിച്ചുവിടുകയും സ്ഥലംമാറ്റുകയും ചെയ്യുന്ന മാനേജ്‌മെന്റിന്റെ നടപടി അടിയന്തിരമായി പിൻവലിച്ച് ജീവനക്കാർക്ക് അന്തസ്സോടെ തൊഴിൽ ചെയ്യാനുള്ള സാഹചര്യമൊരുക്കാൻ മുത്തൂറ്റ് മാനേജ്‌മെന്റ് തയ്യാറാകണമെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.