Previous FrameNext Frame
  • August 15
  • five-persons
  • fd

19.09.2016
കേന്ദ്ര സർക്കാരും റെയിൽവേ അധികൃതരും കേരളത്തോട് കാണിക്കുന്ന കടുത്ത അവഗണനയുടെയും നിസംഗതയുടെയും ഫലമാണ് സംസ്ഥാനത്ത് തുടർച്ചയായി ഉണ്ടാകുന്ന ട്രെയിൻ അപകടങ്ങൾക്ക് കാരണമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. ഇന്ന് കരുനാഗപ്പള്ളിക്കടുത്തുണ്ടായ ട്രെയിനപടകടത്തിൽ തലനാഴിരയ്ക്കാണ് വൻ ദുരന്തം വഴിമാറിയത്. ചരക്കുവണ്ടിക്കുപകരം പാസഞ്ചർ ട്രെയിനാണ് പാളം തെറ്റിയിരുന്നതെങ്കിൽ ദുരന്തം ഊഹിക്കാൻ കഴിയുന്നതിനുമപ്പുറമാവുമായിരുന്നു. ഓരോ അപകടത്തിനുശേഷം താറുമാറാകുന്ന കേരളത്തിലെ റെയിൽ ഗതാഗതം പുനസ്ഥാപിക്കാൻ ദിവസങ്ങളാണെടുക്കുന്നത്.
കേരളത്തിൽ, അറ്റകുറ്റപണിയിലെ റെയിൽവേയുടെ അനാസ്ഥ നേരത്തെ തന്നെ വ്യാപകമായി വിമർശനവിധേയമായതാണ്്. കഴിഞ്ഞ ജൂലൈ 25-27 തീയ്യതികളിലായി ഓഡിലേഷൻ മോണിറ്ററിംഗ് സിസ്റ്റം ഉപയോഗിച്ചുള്ള ട്രാക്ക് പരിശോധന നടത്തുകയും അൾട്രാസോണിക്ക് ഫ്‌ളോ ഡിറ്റക്ടർ ഉപയോഗിച്ചുകൊണ്ട് പാളത്തിലെ വിള്ളലുകൾ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്തിനും ഷൊർണ്ണൂരിനുമിടയിൽ മാത്രം 262 ഇടങ്ങളിൽ 3 ദിവസത്തിനുള്ളിൽ പാളം മാറ്റിസ്ഥാപിക്കണമെന്നാണ് അന്ന് റെയിൽവേ അറ്റകുറ്റ വിഭാഗം കണ്ടെത്തിയത്. (ഷൊർണ്ണൂരിനും കാസർകോടിനുമിടയിൽ പരിശോധനപോലും നടന്നിട്ടുമില്ല) എന്നാൽ അറ്റകുറ്റപണി നടത്തുന്നതിനുപകരം അതു കണ്ടെത്തിയ ഉദ്യോഗസ്ഥർക്കെതിരെ പ്രതികാര നടപടി സ്വീകരിക്കാനാണ് റെയിൽവേ മുതിർന്നത്. പ്രസ്തുത പരിശോധനയിൽ കണ്ടെത്തിയ അപകടസാധ്യതാ മേഖലകളിലാണ് കറുകുറ്റി അപകടവും ഇന്ന് കരുനാഗപ്പള്ളി അപകടവും സംഭവിച്ചത്. രണ്ട് അപകടങ്ങളിലും ഭാഗ്യവശാൽ ആളപായങ്ങൾ ഉണ്ടായിട്ടില്ലായെന്നതാണ് അറ്റകുറ്റപണി നടത്താതിരിക്കുന്നതിനുള്ള കാരണമായി അധികൃതർ കാണുകന്നത്.
ദക്ഷിണറെയിൽവേയ്ക്ക് കീഴിലുള്ള 7 ഡിവിഷനുകളിൽ റെയിൽവേയ്ക്ക് ഏറ്റവും കൂടുതൽ വരുമാനം ഉണ്ടാക്കികൊടുക്കുന്നത് പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകളാണ്. എന്നാൽ അതിന് ആനുപാതികമായി അറ്റകുറ്റപണിക്ക് ആവശ്യമായ ഫണ്ട് അനുവദിക്കാൻ കേന്ദ്രഗവൺമെന്റും റെയിൽവേ അധികൃതരും തയ്യാറാവുന്നില്ല എന്നുമാത്രമല്ല നിരക്ക് വർദ്ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുകയാണ് ഇന്ത്യൻ റെയിൽവേ. സാധാരണക്കാരന് ട്രെയിൻയാത്ര അപ്രാപ്യമാകുന്ന നിലയിലേക്കാണ് ചാർജ്ജ് വർദ്ധിപ്പിച്ചത്. ഫ്‌ളെക്‌സി നിരക്ക് ഏർപ്പെടുത്തിയും, തൽക്കാൽ നിരക്ക് വർദ്ധിപ്പിച്ചും കൊള്ളലാഭം കൊയ്യാനുള്ള മാർഗ്ഗമാക്കി ട്രെയിൻ ഗതാഗതം മാറ്റുന്നവർ ജനങ്ങളുടെ ജീവനും സുരക്ഷിതത്വത്തിനും പുല്ലുവിലയാണ് കൽപിക്കുന്നതെന്നാണ് ഈ അപകടങ്ങൾ തെളിയിക്കുന്നത്.
സ്വന്തമായി റെയിൽവേ സോണെന്ന കേരളത്തിന്റെ ആവശ്യം നടപ്പിലാക്കിയിരുന്നെങ്കിൽ ഒരുപരിധിവരെ അറ്റകുറ്റപണിയോട് റെയിൽവെ കാണിക്കുന്ന നിസംഗത ഒഴിവാക്കാൻ സാധിക്കുമായിരുന്നു. കണ്ടംചെയ്യാറായ കോച്ചുകൾക്കും വണ്ടികൾക്കും പകരം പുതിയ വണ്ടികളും പഴകിതേഞ്ഞ പാളങ്ങൾക്കുപകരം പുതിയ പാളങ്ങളും അറ്റകുറ്റപണികൾക്കാവശ്യമായ ഫണ്ട് അനുവദിക്കുകയും ചെയ്യാതെ കേരളത്തോട് കൊടിയ അവഗണനയാണ് കേന്ദ്രഗവൺമെന്റ് കാട്ടിക്കൊണ്ടിരിക്കുന്നത്. ഒരു ഭാഗത്ത് കേരളത്തിലെ ജനങ്ങളുടെ ജീവൻകൊണ്ട് പന്താടാനും മറുഭാഗത്ത് യാത്രക്കാരെ അതിഭീകരമായി കൊള്ളയടിക്കുകയും ചെയ്യുന്ന നടപടി അവസാനിപ്പിക്കണം. അല്ലാത്തപക്ഷം അതിശക്തമായ യുവജനപ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കാൻ ഡി.വൈ.എഫ്.ഐ നിർബന്ധിതമാകുമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

15.09.2016

സൗമ്യ വധക്കേസുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി ദൗർഭാഗ്യകരവും അപര്യപ്തവുമാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രെട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. അങ്ങേയറ്റം നിഷ്ഠൂരമായ കൊലപാതകമാണ് ഗോവിന്ദച്ചാമി ചെയ്തത്. ഇത്തരം കുറ്റകൃത്യം ചെയ്യുന്നവർ സമൂഹത്തിന് ഭീഷണിയാണ്. എന്നാൽ സുപ്രീംകോടതിയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്ന വിധി കുറ്റവാളികൾക്ക് പ്രോത്സാഹനം നൽകുന്ന തരത്തിലുള്ളതാണ്. വിധി സംബന്ധിച്ച് സംസ്ഥാന സർക്കാർ പുനപരിശോധനാ ഹർജി നൽകണമെന്നും സംസ്ഥാന സെക്രെട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

13.09.2016
ഓണത്തെ വാമനജയന്തിയായി ചിത്രീകരിച്ചുകൊണ്ടുള്ള അമിത്ഷായുടെ ഫേസ്ബുക്ക് പോസ്റ്റ് സംഘപരിവാറിന്റെ സവർണ്ണാധിപത്യ രാഷ്ട്രീയത്തിന്റെ ഭാഗമാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.
കേരളത്തിന്റെ മഹോത്സവമായ ഓണം , ജാതിക്കും മതത്തിനും അതീതമായാണ് ലോകത്തുള്ള എല്ലാ മലയാളികളും ആഘോഷിക്കുന്നത്.കേരളത്തിന്റെ അഭിമാനമായ ഓണത്തെ ജാതീയവൽക്കരിക്കാനും വർഗ്ഗീയവൽക്കരിക്കാനുമാണ് സംഘപരിവാർ ശ്രമിക്കുന്നത്.ഐതിഹ്യങ്ങളെയും ചരിത്രത്തെയും സവർണ്ണവൽക്കരിക്കാനും വക്രീകരിക്കാനും ആർ.എസ്.എസ് മുമ്പും മുതിർന്നിട്ടുണ്ട്.ഓണം സംബന്ധിച്ച് നിരന്തരമായി മലയാളികളെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ നടത്തുന്ന ആർ.എസ്.എസ്-ബി.ജെ.പി നേതൃത്വത്തിനെതിരെ സാംസ്‌ക്കാരിക കേരളം പ്രതിഷേധിക്കണമെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

12.09.2016

ഡി.വൈ.എഫ.ഐ സംസ്ഥാന കമ്മിറ്റിയംഗം ബിനു ഐ.പി ക്കെതിരായി ബിജെപി നടത്തുന്ന വ്യാജ പ്രചരണം അവസാനിപ്പിക്കണമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ജനപ്രതിനിധി എന്ന നിലയിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ബിനു.ഐ.പി ക്കെതിരെ ബിജെപി ഓഫീസിൽ പടക്കം എറിഞ്ഞതുമായി ബന്ധപ്പെട്ട് അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിക്കുന്നത് അംഗീകരിക്കനാകില്ല. നാട്ടിൽ കാലപം സൃഷ്ടിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇത്തരം പ്രചരണം നടത്തുന്നത്. ഇരുട്ടിന്റെ മറവിൽ പാർട്ടി ഓഫീസുകൾ ആക്രമിക്കുന്നത് ഡി.വൈ.എഫ്.ഐ യുടെ സംസ്‌കാരമല്ല. ബിനു ഐ.പി ക്കും ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കുമെതിരെ ബി ജെ പി നേതൃത്വം നടത്തുന്ന വ്യാജ പ്രചരണം ചെറുക്കുമെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.